വിമാനത്തില്‍ കുടിച്ച് കൂത്താടി; ഇന്ത്യന്‍ യാത്രക്കാരനെ കെട്ടിയിട്ട് ഡല്‍ഹിയിലെത്തിച്ചു

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2014 (16:52 IST)
വിമാനത്തില്‍ കുടിച്ച് കൂത്താടി യാത്രക്കാരെ ശല്യം ചെയ്ത യാത്രക്കാരനെ കെട്ടിയിട്ട് ഇന്ത്യയിലെത്തിച്ചു. ഓസ്ട്രേലിയയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്.

ഓസ്ട്രേലിയയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറിയ ഡല്‍ഹി സ്വദേശി വിമാനത്തില്‍ വെച്ച് അമിതമായി മദ്യപിക്കുകയായിരുന്നു. തുടര്‍ന്ന് ലക്ക് കെട്ട ഇയാള്‍ വിമാന ജീവനക്കാരുടെ വസ്ത്രം വലിച്ചുകീറുകയും ആക്രമണത്തിന് മുതിരുകയുമായിരുന്നു. ഒരുഘട്ടത്തില്‍ വിമാനം സിംഗപ്പുരില്‍ ഇറക്കി മദ്യപാനിയെ പോലീസിന് കൈമാറാന്‍ പൈലറ്റ് ആലോചിച്ചെങ്കിലും മറ്റുയാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കുകയായിരുന്നു.

ആക്രമണം തുടര്‍ന്ന ഇയാളെ ഒടുവില്‍ വിമാനത്തില്‍ കെട്ടിയിടുകയായിരുന്നു. ഡല്‍ഹിയില്‍ വിമാനം ലാന്‍ഡുചെയ്ത ഉടനെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇന്ത്യന്‍ യാത്രക്കാരുടെ നിലവിട്ട പെരുമാറ്റം വര്‍ധിച്ചതോടെ വിമാനത്തില്‍ പ്ളാസ്റ്റിക് കൈവിലങ്ങ് വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

രാജ്യാന്തര സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങളില്‍ മദ്യം കൊടുക്കുന്നതിന് കര്‍ശന പരിധിയില്ല. എന്നാല്‍ വിദേശ വിമാന സര്‍വീസുകള്‍ കൂടുതല്‍ മദ്യം ആവശ്യപ്പെടുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്.