ഹർദ്ദിക് പട്ടേൽ ജയിൽ മോചിതനായി ; ആവശ്യങ്ങളിൽ മാറ്റമുണ്ടാകില്ല, പ്രക്ഷോഭം തുടരുമെന്ന് പട്ടേൽ

വെള്ളി, 15 ജൂലൈ 2016 (16:05 IST)
രാജ്യദ്രോഹ കുറ്റമാരോപിച്ച് ജയിലിലടച്ച സംവരണ പ്രക്ഷോഭ നേതാവ് ഹർദ്ദിക് പട്ടേൽ ജയിൽ മോചിതനായി. ഒമ്പത് മാസത്തിന് ശേഷമാണ് പട്ടേൽ ജയിൽ മോചിതനാകുന്നത്. പട്ടേൽ സമുദായത്തിന് സംവരണം നേടിയെടുക്കുന്നത് വരെ പ്രക്ഷോഭങ്ങൾ തുടരുമെന്ന് പട്ടേൽ വ്യക്തമാക്കി. 
 
ഇന്നു രാവിലെ ലജ്പോർ ജയിലിൽ നിന്നുമാണ് ഹർദ്ദിക് പട്ടേൽ മോചിതനായത്.  പ്രക്ഷോഭത്തിന്റെ രൂപത്തില്‍ മാറ്റം വന്നാലും തങ്ങള്‍ ഉയർത്തുന്ന ആവശ്യങ്ങളില്‍ യാതൊരു വിധത്തിലുമുള്ള മാറ്റവുമുണ്ടാവില്ലെന്നും പട്ടേൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും മധുരം വിതരണം ചെയ്തുമാണ് അനുയായികള്‍ ഹര്‍ദിക്കിനെ സ്വീകരിച്ചത്. 
 
പട്ടേല്‍ സമുദായത്തിന് ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ഹാര്‍ദിക് നേരത്ത പല തവണ അറസ്റ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ നേരത്തെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് സംവരണം ലഭിക്കുന്നതിനായി ഏകതാ യാത്ര നടത്താനുള്ള ശ്രമത്തിനിടെയാണ് ഹര്‍ദ്ദിക് അറസ്റ്റിലായത്.

വെബ്ദുനിയ വായിക്കുക