അഫ്‌സല്‍ ഗുരു അനുസ്മരണം: കൂടുതല്‍ അറസ്‌റ്റുണ്ടാകും, അരങ്ങേറിയത് രാജ്യദ്രോഹ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍

Webdunia
ശനി, 13 ഫെബ്രുവരി 2016 (09:21 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയത്തിയ സംഭവത്തില്‍ കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ കന്‍ഹായ് കുമാറിനെ അറസ്‌റ്റ് ചെയ്‌തു. ഇയാളെ പട്യാല കോടതി 3 ദിവസത്തേക്ക് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.

രാജ്യദ്യോഹം, ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പടെയുള്ള കടുത്ത വകുപ്പുകളാണ് വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന് എതിരെ ചുമത്തിയത്. കണ്ടാല്‍ തിരിച്ചറിയാവുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയും പൊലീസ് സമാനകേസ് എടുത്തിട്ടുണ്ട്. ജെഎന്‍യുവില്‍ അരങ്ങേറിയത് രാജ്യദ്രോഹ നടപടികള്‍ ആണെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സാധ്യമായ ഏറ്റവും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണകേസുമായി ബന്ധപ്പെട്ട് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഫെബ്രുവരി 9നാണ് ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ പരിപാടി സംഘടിപ്പിച്ചത്. അഫ്‌സല്‍ ഗുരു ഭരണഗൂഡാലോചനയുടെ ഇരയാണെന്ന് ആരോപിച്ചായിരുന്നു അനുസ്മരണ പരിപാടി. അഫ്‌സല്‍ ഗുരുവിനും തൂക്കിലേറ്റപെട്ട ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് മക്ക്ബൂല്‍ ഭട്ടിന്റേയും അനുസമരണ പരിപാടിയാണ് സംഘടിപ്പിച്ചത്.