മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ നല്കരുതെന്ന ഉത്തരവ് പുനപ്പരിശോധിക്കാമെന്ന് സുപ്രീംകോടതി. കര്‍ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ് പുനപ്പരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറായത്.
പൊതുജനങ്ങളുടെ പണം കൊണ്ട് നല്കുന്ന പരസ്യങ്ങളില്‍ പ്രധാനമന്ത്രി, പ്രസിഡന്റ്, ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമേ നല്കാവൂ എന്ന് മെയ് മാസത്തില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കേസ് ഒക്ടോബര്‍ 13ന് പരിഗണിക്കും. അഭിഭാഷകനായ പ്രശാന്ത് ഭൂഷണും സന്നദ്ധസംഘടനകളും ആയിരുന്നു സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്‌ട്രീയനേതാക്കളുടെ ചിത്രങ്ങള്‍ നല്‍കുന്നതിനെതിരെ ആദ്യം കോടതിയെ സമീപിച്ചത്.