അദ്വാനിക്കും ശത്രുഘ്നന്‍ സിന്‍‌ഹയ്ക്കും നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2015 (15:41 IST)
ബിജെപിയിലെ മോഡി വിരുദ്ധരായ മുതിര്‍ന്ന നേതാവ് എല്‍‌ കെ അദ്വാനിയേയും ശത്രുഘ്നന്‍ സിന്‍‌ഹയേയും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍. നവംബര്‍ 20ന് പട്നയിലെ ഗാന്ധി മൈതാനാത്ത് വച്ചാണ് നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

എന്നാല്‍ അമിത്ഷായും പ്രധാനമന്ത്രി മോഡിയുമുള്‍പ്പെടെയുള്ള മോഡിക്യാമ്പിലെ മറ്റ് ബിജെപി നേതാക്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണമില്ല എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.  നേരത്തെ ശത്രുഘ്നന്‍ സിന്‍‌ഹ നിതീഷ്‌കുമാറിനെ പരസ്യമായി പുകഴ്ത്തിക്കൊണ്ട് രംഗത്ത് വന്നിരുന്നു. അതിനു പീന്നാലെ ബീഹാര്‍ പരാജയത്തോടെ ബിജെപി നേതൃത്വത്തിനെതിരെയും അദ്ദേഹം പരസ്യമായി രംഗത്ത് വരുന്ന അവസ്ഥകളുണ്ടായിരുന്നു.

കൂടാതെ മുതിര്‍ന്ന നേതാക്കളായ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പാര്‍ട്ടി നേതൃത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇവര്‍ മൂവരും ആവശ്യപ്പെട്ടത് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രാചാരണത്തിനു നേതൃത്വം നല്‍കിയവര്‍ തന്നെ അതിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പശ്ചിമ ബങാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഅഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.  ജെഡിയു- ആര്‍‌ജെഡി- കോണ്‍ഗ്രസ് സഖ്യം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 178 സീറ്റുകളാണ് വിജയിച്ചത്.എന്‍‌ഡി‌എ സഖ്യം 58 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു.