ആധാറുമായി ബന്ധിപ്പിക്കാത്ത ആധാരങ്ങള്‍ ബെനാമി ഇടപാടായി കണക്കാക്കും - പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (15:01 IST)
ആധാരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റൽ ഇന്ത്യ ലാൻ‌ഡ് റെക്കോർഡ് മോഡേണൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ നടപടി. 1950നു ശേഷമുള്ള എല്ലാ ഭൂരേഖകൾക്കും ഈ നിർദ്ദേശം ബാധകമാണ്. ഓഗസ്റ്റ് 14നകം ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രസർക്കാർ കൈമാറുകയും ചെയ്തു. 
 
ആധാറുമായി ബന്ധിപ്പിക്കാത്ത ആധാരങ്ങള്‍ ബെനാമി ഇടപാടായാണ് കണക്കാക്കുകയെന്നും സംസ്ഥാനങ്ങൾക്ക് അയച്ച നിര്‍ദേശത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. ഈമാസം 15നാണ് ആധാറും ആധാരവും തമ്മിൽ ബന്ധിപ്പിക്കണമെന്ന നിർദേശം കേന്ദ്രം മുന്നോട്ടുവച്ചത്. ചീഫ് സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, ലഫ്റ്റനന്റ് ഗവർണർമാർ, നീതി ആയോഗ് സെക്രട്ടറി തുടങ്ങിയവർക്കാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാരിൽനിന്ന് നിർദേശങ്ങളും കേന്ദ്രം തേടിയിട്ടുണ്ട്.
 
എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഡിസംബർ 31–നകം ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകൾ അസാധുവാകും. പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്കും ആധാർ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ജൂലൈ മുതൽ ആധാർ നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. 
Next Article