വർഗീയ വാദികളുടെ തോക്കിനിരയായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി സംഗീത സംവിധായകനും ഓസ്കാർ ജേതാവുമായ എആർ റഹ്‌മാൻ രംഗത്ത്.
“രാജ്യത്ത് ഇതുപോലെയുള്ള കാര്യങ്ങള്‍ ഇനിയും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം പോലെയുള്ള സംഭവങ്ങളില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. തുടര്‍ന്നും ഇത്തരം സംഭവങ്ങൾ ഇവിടെ ആവർത്തിച്ചാൽ പിന്നെ എന്റെ ഇന്ത്യയല്ല ഇത്. പുരോഗമനപരവും ദയയുള്ളതുമാണ് എന്റെ രാജ്യം”- എന്നും റഹ്‌മാൻ വ്യക്തമാക്കി.
‘വൺ ഹാർട്ട്: ദ എആർ റഹ്മാൻ കൺസേർട്ട് ഫിലിം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെ ഗൗരി ലങ്കേഷിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് റാഹ്‌മാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ഗൗരി ലങ്കേഷിന്റെ മരണത്തില്‍ സംഘപരിവാറും ബിജെപിയും ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് തീവ്ര ഹിന്ദുത്വ വാദത്തിന്റെ വിമര്‍ശകയായ ലങ്കേഷിന്റെ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്.
ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകരും ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ആഹ്ലാദം പങ്കുവെച്ച് ട്വിറ്ററില്‍ സജീവമായിട്ടുണ്ട്. ചൊവ്വാഴ്‌ച വൈകിട്ട് ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സോഷ്യം മീഡിയകളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.