ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിന ആഘോഷത്തിന് ഔദ്യോഗികമായ തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി രാഷ്ടപിതാവിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വാതന്ത്ര സമര സേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മനാട്ടില്‍ ഓഗസ്റ്റ് 9ന് പ്രധാനമന്ത്രി തിരംഗ യാത്ര ഉദ്ഘാടനം ചെയ്തിരുന്നു. വനിതാ കേന്ദ്രമന്ത്രിമാര്‍ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സൈനികര്‍ക്ക് രാഖി കെട്ടും. സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഭാരത് പര്‍വും കേന്ദ്രം സംഘടിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
40,000ത്തോളം സുരക്ഷാ ഭടന്മാരെയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നിയോഗിച്ചിരിക്കുന്നത്. വ്യോമ നിരോധിത മേഖലയായി പ്രഖ്യാപിച്ച ചെങ്കോട്ടയും പരിസര പ്രദേശങ്ങളിലും ഹെലികോപ്റ്റര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500 സിസി ക്യാമറകളും ചെങ്കോട്ടയില്‍ സ്ഥാപിച്ചിട്ടുണ്ട്. തിരക്കുള്ള മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ മെട്രോ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തും 70ആം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിപുലമായി കൊണ്ടാടുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. 14 ജില്ലകളിലും മന്ത്രിമാര്‍ സ്വാതന്ത്രദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു.