India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി

അഭിറാം മനോഹർ

ബുധന്‍, 2 ഏപ്രില്‍ 2025 (12:22 IST)
ലോകമെങ്ങും രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പലതരത്തില്‍ രൂക്ഷമായിരിക്കുകയാണ്. ഇസ്രായേല്‍- പലസ്തീന്‍, യൂറോപ്പില്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വം. ലോകമെങ്ങും ഇത്തരത്തില്‍ പല സംഭവവികാസങ്ങളും നടക്കുമ്പോഴും ഇതൊന്നും തന്നെ ഇന്ത്യയെ നേരിട്ട് ബാധിച്ചിരുന്നില്ല. അതേസമയം ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം സാമ്പത്തിക തകര്‍ച്ചയിലാണ്.
 
 ഇതിനിടെ സാമ്പത്തികമായി തകര്‍ന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ചൈനയെ ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവനായ ഡോ മുഹമ്മദ് യൂനസ്. എന്നാല്‍ ഇന്ത്യക്കെതിരെ ഗുരുതരമായ അഭിപ്രായപ്രകടനമാണ് മുഹമ്മദ് യൂസഫ് നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കടല്‍തീരമില്ലെന്നും സിലിഗുരി എന്ന ചെറിയ സ്ഥലത്താല്‍ ബന്ധിതമായ ഈ സംസ്ഥാനങ്ങളുടെ ഏക കാവലാള്‍ തങ്ങളാണെന്നുമാണ് ബംഗ്ലാദേശിന്റെ പുതിയ അഭിപ്രായപ്രകടനം.
 
ചിക്കന്‍ നെക്ക് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സിലിഗുരി ഇടനാഴി പിടിച്ചെടുത്താല്‍ ഇന്ത്യയുടെ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍പ്പെടുത്താനാകുമെന്നുള്ള പരസ്യപ്രഖ്യാപനമാണ് ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കാലങ്ങളായി ബംഗ്ലാദേശിലെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഇത് രഹസ്യമായി പറയുന്ന കാര്യമാണെങ്കിലും ഇത് പരസ്യമാക്കിയതിലൂടെ ഇന്ത്യ- ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ഉലയുമെന്ന് ഉറപ്പായിരിക്കുകയാണ്.
 
നിലവില്‍ തകര്‍ന്ന് കിടക്കുന്ന ബംഗ്ലാദേശ് സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുയര്‍ത്താന്‍ ഇന്ത്യ സഹായം നല്‍കാത്ത അവസരത്തില്‍ ചൈനയുമായി കൂടുതല്‍ അടുക്കുകയും പ്രതിരോധപരമായി ചൈനയ്ക്ക് വേണ്ടപ്പെട്ടവരാകാനുമാണ് ബംഗ്ലാദേശിന്റെ ശ്രമം. അരുണാചല്‍ പ്രദേശ് തങ്ങളുടേതാണ് എന്ന് അവകാശപ്പെടുന്ന ചൈനയ്ക്ക് ബംഗ്ലാദേശ് അതിര്‍ത്തി തുറക്കുന്നത് ഇന്ത്യയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതുമാണ്.
 
 ചൈനയെ അതിര് കവിഞ്ഞ് പ്രീണിപ്പിക്കാനുള്ള ശ്രമം ബംഗ്ലാദേശ് കടന്ന് പോകുന്ന സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറാനാണെങ്കിലും ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും ഇന്നത്തെ അവസ്ഥ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യില്ല എന്നതിന് തെളിവ് കൂടിയാണ്. ബംഗ്ലാദേശിന്റെ ഈ പ്രസ്താവനകളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ലെങ്കിലും ഇരു രാജ്യങ്ങളിലും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ വിള്ളലുണ്ടാകുമെന്ന് ഉറപ്പാണ്. ജനങ്ങളാന്‍ തിരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രതിനിധിയല്ല ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത് എന്നതാണ് ഇന്ത്യന്‍ പ്രതികരണം വൈകിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
 
 എന്തായാലും ബംഗ്ലാദേശിന്റെ പുതിയ നീക്കം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജിയോ- പൊളിറ്റിക്‌സിനെ താളം തെറ്റിക്കുമെന്നത് ഉറപ്പാണ്. ബംഗ്ലാദേശിനെ തന്ത്രപ്രധാനമായ ഒരു സഖ്യകക്ഷിയാക്കാന്‍ ചൈന തയ്യാറായാല്‍ അത് ഇന്ത്യന്‍ അതിര്‍ത്തികളില്‍ കൂടുതല്‍ അരക്ഷിതാവസ്ഥയുണ്ടാകും. ചൈനയ്ക്ക് സിലിഗുരി മേഖലയില്‍ സ്വാധീനമുണ്ടായാല്‍ ഇന്ത്യയ്ക്ക് മുകളില്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുമെന്നത് ഉറപ്പായ കാര്യമാണ്. എന്നാല്‍ ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ നീക്കമുണ്ടായാല്‍ ബംഗ്ലാദേശിന്റെ മൂന്ന് അതിര്‍ത്തികളിലും സ്ഥിതി ചെയ്യുന്ന ഇന്ത്യ ബംഗ്ലാദേശിനെ ഒറ്റപ്പെടുത്തുമെന്നത് ഉറപ്പായ കാര്യമാണ്. അങ്ങനെയെങ്കില്‍ സാമ്പത്തികമായി കൂടുതല്‍ തകര്‍ച്ചയിലേക്കായിരിക്കും അത് ബംഗ്ലാദേശിനെ നയിക്കുക.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍