ബസ് കനാലിലേക്കു മറിഞ്ഞു പത്ത് സ്ത്രീകളടക്കം 36 മരണം. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബലിർഘട്ടിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. ശിഖർപുരിൽ നിന്നു മാൽഡയിലേക്കു പോവുകയായിരുന്ന, സംസ്ഥാന ഗതാഗത വകുപ്പിന്റെ ബസ് ആണ് പാലത്തിന്റെ കൈവരി തകർത്ത് ഗോഗ്ര കനാലിലേക്കു പതിച്ചത്.
അപകടകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. 60 പേരായിരുന്നു ബസ്സിലുണ്ടായിരുന്നതെന്നാണ് അനൗദ്യോഗിക വിവരം. ഇതുവരെ 32 മൃതദേഹങ്ങൾ കണ്ടെടുത്തതില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പേർക്കായി ഇപ്പോളും തിരച്ചിൽ തുടരുകയാണ്.
അതിനിടെ, രക്ഷാപ്രവർത്തനം നടത്താന്‍ വൈകിയെന്ന ആരോപണവുമായി റോഡിലിറങ്ങിയ ജനക്കൂട്ടം പൊലീസ് വാഹനത്തിന് തീവച്ചു. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. മുഖ്യമന്ത്രി മമത ബാനർജി സംഭവസ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
ദേശീയ ദുരന്ത നിരവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരികാരം നല്‍കുമെന്ന് സർക്കാർ അറിയിച്ചു.