സിപിഎം നേതാക്കളുടെ മക്കളോ മറ്റുള്ളവരോ പാര്‍ട്ടിയുടെ പേരില്‍ നടത്തുന്ന അവിഹിത ഏര്‍പ്പാടുകളിലൊന്നും പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള ഉത്തരവാദിത്വവുമുണ്ടായിരിക്കില്ലെന്ന് പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള. അത്തരം ആളുകളുമായി ഇടപെടുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എസ്ആര്‍പി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട പണം തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. സഖാക്കളുടെ മക്കളുടെയും ബന്ധുമിത്രാദികളുടെയും അവിഹിതമായ ഇടപാടുകളെയും സ്വത്തു സമ്പാദനത്തെയും കുറിച്ച് അറിയുകയാണെങ്കില്‍ അതു തടയാന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും എസ്ആര്‍പി പറഞ്ഞു.
2007ല്‍ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കേ മകന്റെ സുഹൃത്ത് രാഖുല്‍ കൃഷ്ണനും യുഎഇ പൗരനും ചേര്‍ന്നുണ്ടാക്കിയ ടൂറിസം കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടാണ് ഇപ്പോള്‍ നിയമനടപടികളിലേക്കും സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലേക്കും എത്തിനില്‍ക്കുന്നത്.
എന്നാല്‍, കോടിയേരിയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള അധികാരദുര്‍വിനിയോഗവും നടന്നതായി ഇതുവരെ ആക്ഷേപമില്ലെന്നും എസ്ആര്‍പി പറഞ്ഞു. പാര്‍ട്ടിക്കോ കോടിയേരിക്കോ എതിരെ ഒരു പരാതിയുമില്ല. കേസില്‍ പാര്‍ട്ടി കക്ഷിയല്ല. അതുകൊണ്ടാണു പാര്‍ട്ടി ഇടപെടില്ലെന്നു പറഞ്ഞതെന്നും എസ്ആര്‍പി വ്യക്തമാക്കി.