2ജി കേസില്‍ മന്‍‌മോഹന്‍ സിംഗിനെതിരെ മുന്‍ ട്രായ് ചെയര്‍മാന്‍ രംഗത്ത്

ചൊവ്വ, 26 മെയ് 2015 (12:25 IST)
2ജി സ്പെക്ട്രം കേസിൽ സഹകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞതായി ആരോപണം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മുൻ ചെയർമാൻ പ്രദീപ് ബൈജലാണ് കോൺഗ്രസിനെ നാണംകെടുത്തി പുതിയ ആരോപണവുമായി രംഗത്തെത്തിയത്.

ദി കംപ്ലീറ്റ് സ്റ്റോറി ഓഫ് ഇന്ത്യൻ റിഫോംസ്: 2ജി, പവർ ആൻഡ് പ്രൈവറ്റ് എന്റർപ്രൈസ് - എ പ്രാക്ടീഷണർസ് ഡയറി എന്ന പുസ്തകത്തിലാണ് ഇദ്ദേഹം മന്‍‌മോഹന്‍ സിംഗിനെതിരെ ആഞ്ഞടിച്ചത്. മൻമോഹൻ‍ മന്ത്രിസഭാംഗങ്ങളുടെ പ്രവൃത്തികളെല്ലാം അംഗീകരിക്കേണ്ടിവന്നാൽ അന്വേഷണം വരുമ്പോൾ പ്രധാനമന്ത്രിയെയാണ് അതു ബാധിക്കുകയെന്ന് സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നതായും ബൈജൽ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മൻമോഹൻ സിങ്ങിന് അറിയാമായിരുന്നു. ധനമന്ത്രാലയത്തിന്റെ രേഖകളിൽ ഇക്കാര്യമുണ്ട്. പുസ്തകത്തിൽ എഴുതിയിരിക്കുന്ന എല്ലാ വാക്കുകളിലും ഞാൻ യോജിച്ചു നിൽക്കുന്നു, ബൈജൽ കൂട്ടിച്ചേർത്തു.

ടെലികോം മന്ത്രിയുടെ നിർദേശങ്ങൾ അനുസരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അവ പാലിച്ചാൽ അപകടത്തിലേക്കാണ് പോകുന്നതെന്നു താൻ മൻമോഹനോട് പറഞ്ഞിരുന്നു, അതു തന്നെ സംഭവിച്ചു. മുൻ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരൻ എല്ലാ തീരുമാനങ്ങളും സ്വതന്ത്രമായി എടുത്തിരുന്നു. അനുസരിച്ചില്ലെങ്കിൽ ഭീഷണിപ്പെടുത്തുമായിരുന്നു, ബൈജൽ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക