229 ബലാത്സംഗം, എട്ട് കൂട്ടമാനഭംഗം- ഈ വര്‍ഷം ഓഗസ്റ്റ് വരെ മുംബൈ നഗരത്തില്‍ നടന്ന അതിക്രമങ്ങളുടെ ലിസ്റ്റാണിത്. നിയമം കര്‍ക്കശമായ സാഹചര്യത്തില്‍ പോലും സ്ത്രീ സുരക്ഷയ്ക്ക് പേരുകേട്ട മുംബൈയുടെ ഇന്നത്തെ അവസ്ഥയാണിത്. സാമൂഹ്യ പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലി വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ വിവരം പുറത്തുവന്നത്.
പീഡനത്തിലെ ഇരകളില്‍ ഭൂരിപക്ഷത്തിനും തങ്ങളെ പീഡിപ്പിച്ചത് ആരാണെന്ന് വ്യക്തമായി അറിയാം. പ്രതികളില്‍ ഏറെയും പെണ്‍കുട്ടികളുടെ സുഹൃത്തുക്കളോ കാമുകന്മാരോ അയല്‍വാസികളോ ആണ്. ഈ വര്‍ഷം അവസാനത്തോടെ ഈ കണക്ക് ഇനിയും ഉയര്‍ന്നേക്കും. നവംബറില്‍ മാത്രം രണ്ട് കുട്ടമാനഭംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2012 ല്‍ 223 മാനഭംഗക്കേസും 8 കൂട്ടമാനഭംഗങ്ങളുമാണ് മുംബൈ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ ഇത് യഥാക്രമം 211ഉം ഒന്‍പതുമായിരുന്നു. 2010ല്‍ 188 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരത്തുകളില്‍ പോലീസ് സാന്നിധ്യം കുറഞ്ഞുവരുന്നുണ്ടെന്നും ഇതാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമെന്നും അനില്‍ ഗല്‍ഗാലി വ്യക്തമാക്കുന്നു.