2 ജി സ്പെക്ട്രം അഴിമതി കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകള്‍ കനിമൊഴിയെയും മറ്റ് നാല് പേരെയും ഉള്‍പ്പെടുത്തി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് കനിമൊഴി.
കനിമൊഴിയുടെ അമ്മ ദയാലു അമ്മാളുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, പ്രതീക്ഷിച്ചതു പോലെ കലൈഞ്ജര്‍ ടിവി എം ഡി ശരത് കുമാറിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിബിഐ ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിനിയുഗ് ഫിലിംസിലെ കരിം മൊറാനി, കസെഗവോ റിയാലിറ്റിയിലെ അസിഫ് ബല്‍വ, രാജീവ് ബി അഗര്‍വാള്‍ എന്നിവരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിബിഐ ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ ടെലൊകോം മന്ത്രി എ രാജ, രാജയുടെ പി എ ആര്‍കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ദ്ധ ബഹൂര എന്നിവരുടെ പേരുകളായിരുന്നു ഉണ്ടായിരുന്നത്. സ്വാന്‍ ടെലികോമിലെ വിനോദ് ഗോയങ്ക, യൂണിടെക്കിലെ സഞ്ജയ് ചന്ദ്ര, അനില്‍ അംബാനി ഗ്രൂപ്പില്‍ നിന്നുള്ള ഗൌതം ദോഷി, ഹരി നായര്‍, സുരേന്ദ്ര പിപാര എന്നീ അഞ്ച് കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകളുടെ പേരും പിന്നീട് കുറ്റപത്രത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിക്കൊണ്ട് ടെലികോം കമ്പനികള്‍ക്ക് നാമമാത്രമായ തുകയ്ക്ക് 2ജി ലൈസന്‍സ് നല്‍കി എന്നതാണ് കേസ്. ഇതില്‍, സ്വാന്‍ ടെലികോം സിനിയുഗ് കോര്‍പ്പറേഷന്‍ വഴി കലൈഞ്ജര്‍ ടിവിക്ക് 214 കോടി രൂപ കൈമാറിയെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, കലൈഞ്ജര്‍ ടിവി എംഡിയെയും കനിമൊഴിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഈ തുക കടം വാങ്ങിയതായിരുന്നു എന്നും അത് പലിശ സഹിതം മടക്കി എന്നുമായിരുന്നു ഇവരുടെ വിശദീകരണം.