ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ഭൂരിഭാഗം പാർട്ടി എം എൽ എമാരും പിന്തുണച്ചു. എം എൽ എമാരുടെ പിന്തുണ ശക്തമായതോടെ പിളർപ്പിന്റെ വക്കിലെത്തിയ പാർട്ടിയിൽ ഒത്തുതീർപ്പിന് വഴിതെളിഞ്ഞിരിക്കുകയാണ്. ആകെയുള്ള 229 എസ്.പി എം എൽ എമാരിൽ 194 പേരാണ് അഖിലേഷിനെ പിന്തുണച്ചത്.
അഖിലേഷിന് പിന്തുണയുമായി എം എൽ എമാർ എത്തിയതോടെ വെട്ടിലായിരിക്കുകയാണ് പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവ്. നിലവിലെ സാഹചര്യത്തിൽ അഖിലേഷിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാം ഗോപാൽ യാദവിനെയും പാർട്ടിയിൽനിന്ന് പുറത്താക്കിയ തീരുമാനം മുലായം സിങ് യാദവ് പുനഃപരിശോധിക്കുമെന്നാണ് സൂചന.
എസ്.പി അധ്യക്ഷൻ മുലായം സിങ് യാദവിനും എതിരാളിയും അമ്മാവനുമായ ശിവപാൽ യാദവിനും ഞെട്ടൽ ഉളവാക്കുന്ന നീക്കമാണ് അഖിലേഷ് നടത്തിയത്. തന്‍റെ ശക്തി തെളിയിക്കുന്നതിനായി അഖിലേഷ് കാളിദാസ് മാർഗ് അഞ്ചിലെ വസതിയിൽ രാവിലെ എം എൽ എമാരുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് 190 എം എൽ എമാർ പിന്തുണ പ്രഖ്യാപിച്ച് കത്ത് നൽകിയത്.
ഇതുകൂടാതെ പാർട്ടി അണികളിലുള്ള തന്‍റെ ശക്തി കാണിക്കുന്നതിന് നാളെ ദേശീയ കൺവൻഷനും അഖിലേഷ് സംഘടിപ്പിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനായി രംഗത്തെത്തിയ മുലായം സിങ് അഖിലേഷ് വിളിച്ച സമ്മേളനം പാർട്ടി വിരുദ്ധമാണെന്നും നേതാക്കളും പ്രവർത്തകരും പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടു. അഖിലേഷിനെയും മുലയത്തെയും അനുനയിപ്പിക്കാനായി മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ മുതൽ ശ്രമം നടത്തിവരികയായിരുന്നു.
അഖിലേഷ് യാദവിനെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് അധ്യക്ഷന്‍ മുലായം സിങ് യാദവ് പുറത്താക്കിയതോടെയാണ് എസ് പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലെത്തിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് അഖിലേഷിനെയും രാം ഗോപാലിനേയും പുറത്താക്കിയത്. ആറു വർഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയത്.