ലൈംഗികാതിക്രമത്തിന് ഇരയായത് 16 സ്‌ത്രീകള്‍; പീഡിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥര്‍ - ഛത്തീസ്ഗഡിൽ നിന്ന് ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്

ഞായര്‍, 8 ജനുവരി 2017 (11:30 IST)
സ്‌ത്രീ സുരക്ഷയുടെ കാര്യത്തില്‍ രാജ്യത്ത് സജീവമായ ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു തന്നെ ഞെട്ടിപ്പിക്കുന്ന പീഡന വിവരവുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. ഛത്തീസ്ഗഡിൽ 16 സ്‌ത്രീകള്‍ പൊലീസ് ഉദ്യോഗസ്‌ഥരുടെ ക്രൂരമായ ലൈംഗിക- ശാരീരിക ആക്രമണത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ട്.

2015 ഒക്ടോബർ വരെ ബിജാപൂർ ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലെ 40 സ്‌ത്രീകള്‍ പൊലീസ് ഉദ്യോഗസ്‌ഥരുടെ ലൈംഗിക അത്രിക്രമങ്ങള്‍ക്ക് ഇരയായതായി ഇന്ത്യന്‍ എക്‍സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  കമ്മിഷൻ അന്വേഷണം ആരംഭിച്ചത്.

പൊലീസിന്റെ പീഡനങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുണ്ട്. 20തോളം സ്‌ത്രീകള്‍ മൊഴി നല്‍കാന്‍ തയാറാണ്. ഈ സംഭവവികാസങ്ങള്‍ക്ക് സര്‍ക്കാരാണ് ഉത്തരവാദി. പീഡനത്തിന് ഇരയായവര്‍ക്ക് എന്തുകൊണ്ടാണ് നഷ്‌ടപരിഹാരം നല്‍കാതിരുന്നതെന്നും അറിയേണ്ടതുണ്ടെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക