123: സര്‍ക്കാര്‍ മുന്നോട്ടെന്ന് സൂചന

Webdunia
വ്യാഴം, 26 ജൂണ്‍ 2008 (08:54 IST)
ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന യുപി‌എ-ഇടത് ആണവ സമിതിയോഗം തീരുമാനമെടുക്കാന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കരാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വന്തം നിലയില്‍ മുന്നോട്ട് പോവുമെന്ന് സൂചന.

ആണവ സമിതി യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് കോണ്‍ഗ്രസിന്‍റെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നിരുന്നു. അന്താരാഷ്ട്ര ആ‍ണവസമിതിയുമായുള്ള സുരക്ഷാ മാനദണ്ഡ കരാര്‍ പൂര്‍ത്തീകരിക്കാന്‍ തന്നെയാണ് പാര്‍ട്ടി നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോണ്‍ഗ്രസ് യോഗത്തില്‍ മന്‍‌മോഹന്‍ സിംഗ്, സോണിയ ഗാന്ധി, എ കെ ആന്‍റണി, പ്രണാബ് മുഖര്‍ജി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

ബുധനാഴ്ച ചേര്‍ന്ന ആണവ സമിതി യോഗം ഒട്ടും സൌഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലല്ല അവസാനിച്ചത്. 90 മിനിറ്റ് നീണ്ടു നിന്ന യോഗത്തിനൊടുവില്‍ കരാറിന്‍റെ എല്ലാ വശങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും അവസാനിച്ചതായി പ്രണാബ് മുഖര്‍ജി അറിയിച്ചു. അടുത്ത യോഗത്തില്‍ കണ്ടെത്തലുകളെ കുറിച്ചുള്ള തീരുമാനം എടുക്കുമെന്നും പ്രണാബ് തന്‍റെ പ്രസ്താവനയില്‍ പറഞ്ഞു.

യോഗത്തില്‍ ഇടതുകക്ഷികള്‍ സര്‍ക്കാരിനെ കരാറുമായി മുന്നോട്ടുപോവാന്‍ അനുവദിക്കില്ല എന്ന നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍, കരാറിനെ പിന്തുണയ്ക്കും എന്നായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട്.