123: ഇന്ന് ലോക്സഭയില്‍

Webdunia
WD
ഇന്തോ-അമേരിക്ക ആണവ സഹകരണ കരാര്‍ ഇന്ന് ലോക്‍സഭ ചര്‍ച്ച ചെയ്യും. ചര്‍ച്ച വോട്ടെടുപ്പ് ഇല്ലാതെ നടക്കുന്നതിനാല്‍ ഇതിന് പ്രാധാന്യം നല്‍കുന്നില്ല എന്ന നിപാടിലാണ് കോണ്‍ഗ്രസ്സ്.

ചര്‍ച്ചയില്‍ അംഗങ്ങളുടെ വികാരങ്ങളും പ്രതികരണങ്ങളും അറിയിക്കാന്‍ കഴിയും. എന്നാല്‍, ഇത് സഭയുടെ രീതിയില്‍ അന്തിമ തീരുമാനമായി കണക്കാക്കാന്‍ കഴിയില്ല. അങ്ങനെ വേണമെങ്കില്‍ വോട്ടെടുപ്പ് വേണ്ടിവരും- വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി പറഞ്ഞു.

സഭയിലെ ഭൂരിഭാഗം വരുന്ന അംഗങ്ങളും കരാറിന് എതിരാണെന്ന് തെളിയിക്കുകയാണ് ഇടതു കക്ഷികള്‍ ചര്‍ച്ചയിലൂടെ ലക്‍ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കൊണ്ട് മറുപടി പറയിക്കാനും ഇടതുപക്ഷം ശ്രമിക്കും.

പാര്‍ലമെന്‍റില്‍ കരാറിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കരാര്‍ ഇന്ത്യയുടെ പരമാധികാരത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ജനങ്ങളുടെ മുന്നില്‍ തെളിയിക്കാനാണ് ശ്രമമെന്നും അദ്വാനി പറഞ്ഞിരുന്നു.

ഇതിനിടെ, ആണവ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി ചെയര്‍മാന്‍ എല്‍ബറാദിയും ഇന്ത്യന്‍ ആണവോര്‍ജ്ജ സെക്രട്ടറി അനില്‍ കാകോദ്കറും ഒന്നാംവട്ട ചര്‍ച്ച നടത്തിക്കഴിഞ്ഞു.