“മികച്ച വിളവെടുപ്പിനായി” ബാലികയെ കുരുതികൊടുത്തു

ചൊവ്വ, 3 ജനുവരി 2012 (12:10 IST)
PRO
PRO
സ്വന്തം കുലദൈവത്തെ പ്രീതിപ്പെടുത്തി കൃഷിയില്‍ മികച്ച വിളവെടുപ്പ് നേടുന്നതിനായി ഏഴ് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഛത്തീ‍സ്ഗഢ് ബിജാപൂര്‍ ജില്ലയില്‍ നിന്നുള്ള ലളിതാ താത്തിയെന്ന ബാലികയാണ് കൊല്ലപ്പെട്ടത്.

ഒക്‍ടോബറില്‍ കാണാതായ ലളിതാ താത്തിയുടെ ശരീരഭാഗങ്ങള്‍ പിന്നീട് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ കര്‍ഷകരാണെന്ന് ബിജാപ്പൂരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ രാജേന്ദ്ര നാരായണ്‍ ദാസ് പറഞ്ഞു.

അയല്‍വീട്ടില്‍ നിന്നും ടിവി കണ്ടു വീട്ടിലേക്ക് നടന്നുവരുമ്പോഴായിരുന്നു താത്തിയെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അവളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം കരള്‍ മുറിച്ചെടുത്ത് കുലദൈവത്തിന് സമര്‍പ്പിക്കുകയായിരുന്നു. അവരുടെ ആചാരാനുഷ്ഠാനമായ ജീവത്യാഗമായാണ് ഇത് ചെയ്‌തതെന്ന് പ്രതികള്‍ പിന്നീട് പൊലീസിന് മൊഴി നല്‍കി.

പ്രതികള്‍ കുറ്റം ഏറ്റുപറഞ്ഞതിന് പുറമേ ആവശ്യത്തിനുള്ള തെളിവുകളും പൊലീസിനു ലഭിച്ചതായും ദാസ് പറഞ്ഞു. കുറ്റക്കാര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയോ അല്ലെങ്കില്‍ മരണശിക്ഷ വരെയോ ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക