“അമ്മയോട് ചോദിക്കൂ, ക്വത്‌റോച്ചിയില്‍ നിന്ന് രാജീവ് ഗാന്ധിക്ക് എത്ര കിട്ടിയെന്ന്” - പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസിനെ പൊളിച്ചടുക്കി സുഷമ

ബുധന്‍, 12 ഓഗസ്റ്റ് 2015 (17:35 IST)
തനിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ലമെന്‍റില്‍ തിരിച്ചടിച്ച് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. തന്‍റെ ഭര്‍ത്താവോ മകളോ ലളിത് മോഡിയില്‍ നിന്ന് ഒരുരൂപ പോലും വാങ്ങിയിട്ടില്ലെന്ന് സുഷമ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിയായിരുന്ന പി ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരം, ലളിത് മോഡിയില്‍ നിന്ന് ഒരുകോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും സുഷമ ആരോപിച്ചു.
 
തന്‍റെ ഭര്‍ത്താവ് ഒരുസമയത്തും ലളിത് മോഡിയുടെ അഭിഭാഷകനായിരുന്നിട്ടില്ല. ഭര്‍ത്താവോ മകളോ ഒരു രൂപ പോലും ലളിത് മോഡിയില്‍ നിന്ന് വാങ്ങിയിട്ടില്ല. എന്നാല്‍ നളിനി ചിദംബരം പണം വാങ്ങിയിട്ടുണ്ട് - സുഷമ സ്വരാജ് ആരോപിച്ചു.
 
ഇടയ്ക്കിടയ്ക്ക് അവധി ആഘോഷിക്കാന്‍ വിദേശത്തേയ്ക്ക് പോകുന്ന രാഹുല്‍ അടുത്ത തവണ അവധിക്ക് പോയി തനിച്ചിരിക്കുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ ചരിത്രം പഠിക്കാന്‍ സമയം കണ്ടെത്തണം. എന്നിട്ട് മടങ്ങിവന്ന് അമ്മയോട് ചോദിക്കണം, ക്വത്‌റോച്ചിയില്‍ നിന്ന് രാജീവ്ഗാന്ധി എത്ര പണം വാങ്ങിയെന്ന്. വാറന്‍ ആന്‍ഡേഴ്‌സനെയും ക്വത്‌റോച്ചിയേയും നാടുകടത്താന്‍ സഹായിച്ചവരാണ് ഇപ്പോള്‍ തനിക്കെതിരെ ആരോപണവുമായി വരുന്നത് - സുഷമ പറഞ്ഞു. 
 
യു പി എ ഭരണകാലത്താണ് ഐ പി എല്‍ വിവാദമുണ്ടായത്. അന്ന് ലളിത് മോഡിയെ സംരക്ഷിച്ചത് ആ സര്‍ക്കാരാണ് - സുഷമ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക