‘മന്‍‌മോഹന്‍ കണ്ടിരുന്നത് സോണിയ തീര്‍പ്പാക്കിയ ഫയലുകള്‍’

Webdunia
വെള്ളി, 11 ഏപ്രില്‍ 2014 (20:02 IST)
PRO
PRO
സോണിയ ഗാന്ധി തീര്‍പ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഫയലുകള്‍ കണ്ടിരുന്നതെന്ന് മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു. സോണിയയുടേയും അനുയായികളുടേയും സമ്മര്‍ദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നും സഞ്ജയ് ബാരു ആരോപിക്കുന്നു. ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദി മെയ്ക്കിംഗ് ആന്‍ഡ് അണ്‍മെയ്ക്കിംഗ് ഓഫ് മന്‍മോഹന്‍സിംഗ് എന്ന പുസ്തകത്തിലാണ് സഞ്ജയ് ബാരുവിന്റെ വെളിപ്പെടുത്തല്‍. ഇതേസമയം സഞ്ജയ് ബാരുവിന്റെ ആരോപണം തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ആരോപണം സാമ്പത്തിക ലാഭത്തിനായുള്ള കെട്ടുകഥയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

കേന്ദ്ര മന്ത്രിമാരെ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിരുന്നില്ല. കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനങ്ങള്‍ എടുത്തിരുന്നത് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയാണ്. കേന്ദ്രമന്ത്രി സഭായോഗത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ എകെ ആന്റണിയും വയലാര്‍ രവിയും അര്‍ജുന്‍ സിംഗും എതിര്‍ത്തിരുന്നു. പൊതുജനമധ്യത്തില്‍ ആന്റണി മൗനിയാണെങ്കിലും ശക്തമായി പ്രതികരിക്കുന്ന ആളാണ് ആന്റണിയെന്നും ബാരു പുസ്തകത്തില്‍ പറയുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വിമര്‍ശനം നേരിടുമ്പോള്‍ യുപിഎയിലെ മറ്റ് ഘടകക്ഷികളെ കൂടെകൂട്ടാനാണ് മന്‍മോഹന്‍ ശ്രമിച്ചിരുന്നത്.

യുഎസുമായുള്ള ആണവ കരാറിന്മേല്‍ ഇടതുപക്ഷം മന്‍മോഹന്‍ സിംഗിനെതിരേ തിരിഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയോ സുശീല്‍ കുമാര്‍ ഷിന്‍ഡെയോ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ മന്‍മോഹനെ അല്ലാതെ മറ്റൊരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ തന്നോട് പറഞ്ഞിരുന്നതായും സഞ്ജയ് ബാരു പുസ്തകത്തില്‍ പറയുന്നു.