പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് അലഹാബാദ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതേസമയം പ്രിയങ്ക യുപിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. രാഹുല്‍ഗാന്ധി പരാജയമാണെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് നീക്കമെന്ന് ബിജെപി പരിഹസിച്ചു.
രാജ്യത്തൊട്ടാകെ കോണ്‍ഗ്രസിനു വേണ്ടി പ്രിയങ്കഗാന്ധി പ്രചാരണം നടത്തുമെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതൃത്വം തള്ളിയെങ്കിലും പ്രിയങ്കയ്ക്കു വേണ്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ഭുല്‍പൂരില്‍ പ്രിയങ്കയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പ്രമേയം അലഹബാദ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയാണ് പാസാക്കിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മണ്ഡലമായിരുന്നു ഭൂല്‍പൂര്‍. നിലവില്‍ ബിഎസ്പിയിലെ കപില്‍മുനി കഠ്‌വാരിയെയാണ് ഭൂല്‍പുരിനെ പ്രതിനിധീകരിക്കുന്നത്.
അതേസമയം പ്രിയങ്ക നേതൃത്വത്തിലേക്ക് വരുമെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയയിലും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയയിലും മാത്രമാണ് പ്രിയങ്ക ഗാന്ധി ഇതുവരെ പ്രചാരണം നടത്തിയിട്ടുള്ളത്.