ഹൈദരാബാദ് സ്ഫോടനം: കുറ്റക്കാര്‍ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി

Webdunia
വെള്ളി, 22 ഫെബ്രുവരി 2013 (09:42 IST)
PRO
PRO
പതിനാല് പേരുടെ മരണത്തിന് ഇടയാക്കിയ ഹൈദരാബാദ് സ്‌ഫോടനത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കുറ്റക്കാര്‍ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് 50000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

സ്‌ഫോടനത്തെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും അപലപിച്ചു.

ഹൈദരാബാദ് നഗരത്തിലെ വാണിജ്യ മേഖലയായ ദില്‍സുക് നഗറിലാണ് വ്യാഴാഴ്ച വൈകിട്ട് സ്ഫോടനപരമ്പര ഉണ്ടായത്. 14 പേരാണ് മരിച്ചത്. നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും എന്നാണ് സൂചന. ദില്‍സുക് നഗര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കൊണാര്‍ക് തിയറ്റര്‍, വെങ്കിട്ടാദ്രി തിയറ്റര്‍ എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. വൈകിട്ട് 7.01നായിരുന്നു ആദ്യ സ്ഫോടനം, അഞ്ചു മിനിറ്റിനു ശേഷം രണ്ടാമത്തെ സ്ഫോടനവും നടന്നു.