ഹിന്ദി ദേശീയ ഭാഷയല്ലെന്നും അത് ഒരിക്കലും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും കര്‍ണാടകന്‍ മുഖ്യമന്തി സിദ്ധരാമയ്യ. ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അത് പഠിക്കട്ടെ അല്ലാതെ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദിയൊരിക്കലും ദേശീയ ഭാഷയല്ല, അങ്ങനെ ആക്കാനും സാധിക്കില്ല, രാജ്യത്തെ ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദിയെന്നും അദ്ദേഹം പറഞ്ഞു. ബംഗളുരുവിലെ മെട്രോ സൈന്‍ബോര്‍ഡുകളില്‍ ഹിന്ദി ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാറിന് കത്തയച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് സിദ്ധരാമയ്യ ഇങ്ങനെ പറഞ്ഞത്. രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും ആസൂത്രിതമായ ശ്രമമുണ്ടെന്ന് തനിക്ക് തോന്നുന്നതായും അദ്ദേഹം പറഞ്ഞു.