ഹസാരെയെ ജയിപ്പിച്ചത് ടിവി: അദ്വാനി

വ്യാഴം, 25 ഓഗസ്റ്റ് 2011 (17:35 IST)
PTI
അണ്ണാ ഹസാരെ അഴിമതിക്കെതിരെ നടത്തിയ നിരാഹാര സമരം അതിവേഗം വിജയത്തിലെത്താനുള്ള കാരണം ടിവിയും വിവരസാങ്കേതികവിദ്യയുമാണെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി. തന്റെ ബ്ലോഗിലാണ് അദ്വാനി ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

ടിവിയുടെയും ഐടിയുടെയും ഇടപെടലിന്റെ ഫലമായി പ്രതിപക്ഷ കക്ഷികളെല്ലാം ചേര്‍ന്ന് രണ്ട് മാസം നടത്തിയ സമരത്തെക്കാള്‍ വേഗത്തിലാണ് അണ്ണാഹസാരെ നാല് ദിവസം നടത്തിയ നിരാഹാര സമരം ഫലം കണ്ടത്. ജെപിസിക്ക് അംഗീകാരം നേടാന്‍ പ്രതിപക്ഷത്തിന് ശീതകാല സമ്മേളനം മുഴുവന്‍ തടസ്സപ്പെടുത്തേണ്ടി വന്നു.

ജെപിസി വിഷയത്തിലും ലോക്പാല്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന അദ്വാനി, സര്‍ക്കാര്‍ ‘ഏറ്റവും അഴിമതി നിറഞ്ഞത്’ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുന്നു എന്നും ബ്ലോഗില്‍ പറഞ്ഞിരിക്കുന്നു.

അണ്ണാ ഹസാരെ ആര്‍‌എസ്‌എസ് ഏജന്റാണ് എന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചതിനെ വിമര്‍ശിച്ച അദ്വാനി, അണ്ണാ ഹസാരെ അതിനു നല്‍കിയ മറുപടിയെയും പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിനെയും വാനോളം പുകഴ്ത്തുകയും ചെയ്യുന്നു.

ഉമാഭാരതി ജന്തര്‍മന്ദര്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ അദ്വാനി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണെന്ന ധാരണ ശരിയല്ലെന്നും അത്തരം പ്രചാരണം നടത്തുന്നവര്‍ ജനാധിപത്യത്തെ അപകടത്തിലാക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ പണാധിപത്യം തടയുന്നതിനെ കുറിച്ച് ഒരു സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടണം എന്നും അദ്വാനി തന്റെ പോസ്റ്റില്‍ അഭിപ്രായപ്പെടുന്നു.

വെബ്ദുനിയ വായിക്കുക