രാജസ്ഥാനിലെ സ്കൂളുകളില്‍ സൂര്യനമസ്കാരം നിര്‍ബന്ധമാക്കി. സംസ്ഥാനത്തെ 48, 000 സ്കൂളുകളില്‍ സൂര്യനമസ്കാരം നിര്‍ബന്ധമാക്കി ചൊവ്വാഴ്ചയാണ് വിദ്യാഭ്യാസവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ,സര്‍ക്കാരിതര സ്കൂളുകളില്‍ സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി ക്ലാസുകളില്‍ എത്രയും പെട്ടെന്ന് ഇത് നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
രാജസ്ഥാനിലെ സെക്കണ്ടറി എജ്യുക്കേഷന്‍ ഡയറക്‌ടറുടെ ഓഫിസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ, സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി സ്കൂളുകള്‍ 20 മിനിറ്റ് അസംബ്ലിയോ ബാലസഭയോ നടത്തണമെന്നും ഇതില്‍ സൂര്യ നമസ്കാരം, ധ്യാനം, പത്രപാരായണം എന്നിവ ഉള്‍പ്പെടുത്തണമെന്നുമാണ് നിര്‍ദ്ദേശം. 28, 000 സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പെടെ 48, 000 സ്കൂളുകള്‍ക്കാണ് ഈ ഉത്തരവ് ബാധകമാകുക.
നേരത്തെ മധ്യപ്രദേശ് സര്‍ക്കാരും ഇതേ രീതിയിലുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതില്‍ 20 മിനിറ്റിനെ മൂന്നായി തിരിച്ചിരുന്നു. ആദ്യത്തെ അഞ്ചു മിനിറ്റില്‍ പ്രാര്‍ത്ഥന, പ്രതിജ്ഞ, ദേശീയ ഗാനം, സംഘഗാനം. അടുത്ത 10 മിനിറ്റില്‍ സൂര്യനമസ്കാരം, യോഗ, ധ്യാനം. പിന്നെയുള്ള അഞ്ചു മിനിറ്റില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പത്രപാരായണം എന്നിങ്ങനെ ആയിരുന്നു മധ്യപ്രദേശ് സര്‍ക്കാര്‍ നടപ്പാക്കിയത്.
സൂര്യനമസ്കാരം സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രമായിരുന്നു മധ്യപ്രദേശ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നത്. എന്നാല്‍ , രാജസ്ഥാന്‍ സര്‍ക്കാര്‍ സര്‍ക്കാരിതര സ്കൂളുകളിലും സൂര്യനമസ്കാരം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മാനസികവും ശാരീരികവുമായി ശക്തരാക്കുന്നതിനൊപ്പം വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് രാജസ്ഥാന്‍ സെക്കണ്ടറി എജ്യുക്കേഷന്‍ ഡയറക്‌ടര്‍ സുവാലാല്‍ പറഞ്ഞു.