സൌഹൃദം വേറെ, സ്വദേശിവത്കരണം വേറെ: സൌദി!

Webdunia
വ്യാഴം, 11 ഏപ്രില്‍ 2013 (17:08 IST)
PRO
PRO
തൊഴില്‍ രംഗത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തില്‍ വിട്ടുവീഴ്ച ചെയ്യാനില്ലെന്ന് സൗദി അറേബ്യ അംബാസഡര്‍ സൗദ് മുഹമ്മദ് അല്‍സാത്തി. ഡല്‍ഹിയില്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിതലസംഘം സൗദി സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് അംബാസഡറുമായുള്ള കൂടിക്കാഴ്ച.

മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന ആളുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. ഇത്തരക്കാരെ ഒഴിവാക്കി സൗദി യുവാക്കളെ തൊഴില്‍ മേഖലയില്‍ കൊണ്ടുവരാനാണ് ശ്രമം. എന്നാല്‍ സ്വദേശിവത്കരണ വിഷയത്തില്‍ ഇന്ത്യയുമായി സൗഹൃദ ചര്‍ച്ചയാകാമെന്നും അംബാസഡര്‍ അറിയിച്ചു. ചര്‍ച്ചയിലൂടെ ആശങ്ക പരിഹരിക്കാന്‍ കഴിയും എന്ന് അംബാസഡര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സൌദിയില്‍ നിന്ന് മടങ്ങുന്നവരെ മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യാവുന്ന രീതിയില്‍ തിരിച്ചയക്കണം എന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.

അനധികൃതമായി സൌദിയില്‍ കഴിയുന്നവരെ തിരികെയെത്തിക്കാനുള്ള എല്ലാ സൌകര്യങ്ങളും ഉറപ്പുവരുത്തുമെന്ന് വയലാര്‍ രവി അറിയിച്ചിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കഴിയുന്ന 3475 പേര്‍ സൌദി സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഇന്ത്യന്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വ്യാ‍പക പരാതികളെ തുടര്‍ന്ന് നിതാഖത് നടപ്പാക്കുന്നത് സൗദി ഭരണകൂടം മൂന്നു മാസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.