സോണിയയെ വിമര്‍ശിക്കുന്ന മോഡിയുടെ യാത്രാ ചെലവുകള്‍ ദുരൂഹം!

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2012 (16:12 IST)
PRO
PRO
സോണിയാ ഗാന്ധിയുടെ വിദേശയാത്രകള്‍ക്കായി 1880 കോടി രൂപ പൊടിച്ചെന്ന ആരോപണം ഉന്നയിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ മോഡി നടത്തിയ യാത്രകളുടെ ചെലവുകളെക്കുറിച്ച് അറിയാന്‍ വിവരാവകാശ നിയമപ്രകാരം 2007-ല്‍ അപേക്ഷ നല്‍കിയയാള്‍ക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല എന്നതാണ് രസകരമാ‍യ കാര്യം.

മോഡിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാരും നടത്തിയ യാത്രകളുടെ കണക്കുകള്‍ ആണ് വഡോദരയില്‍ നിന്നുള്ള വിവരാവകാശപ്രവര്‍ത്തക തൃപ്തി ഷാ ആവശ്യപ്പെട്ടത്. എന്നാല്‍ അപേക്ഷയ്ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മോഡിക്ക് തൃപ്തി കത്തയക്കുകയും ചെയ്തിട്ടുണ്ട്.

2007 ജൂലൈ 18-നാണ് തൃപ്തി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ ഇതിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

ഇപ്പോള്‍ സോണിയയ്ക്കെതിരെ മോഡി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോഡി നടത്തിയ വിവേകാനന്ദ് യാത്രയുടെ ഫണ്ട് എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണമെന്നും വിവരാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.