സൈനിക നീക്കം: വാര്‍ത്തയ്ക്ക് പിന്നില്‍ കളിച്ചത് കേന്ദ്രമന്ത്രി?

Webdunia
വ്യാഴം, 5 ഏപ്രില്‍ 2012 (12:45 IST)
PTI
PTI
ജനുവരിയില്‍ ഡല്‍ഹിയിലേക്ക് സൈനിക നീക്കം നടന്നുവെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രിയാണെന്ന് റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാറിലെ മുതിര്‍ന്ന മന്ത്രിയാണ് ഈ വാര്‍ത്ത സൃഷ്ടിച്ചതെന്ന് സണ്‍‌ഡേ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ കേന്ദ്രമന്ത്രിയുടെ അടുത്ത ബന്ധു ആയുധ ഇടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ആളാണ്. സൈന്യത്തില്‍ ഇയാള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ചാണ് വാര്‍ത്ത തയ്യാറാക്കുന്നതിനുള്ള സൌകര്യങ്ങള്‍ ഒരുക്കിയത്. കരസേന മേധാവി ജനറല്‍ വി കെ സിംഗിനെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് വാര്‍ത്ത സൃഷ്ടിച്ചത്. സിംഗിന്
ലഭിക്കുന്ന രാഷ്ട്രീയ പിന്തുണ ഇല്ലാതാക്കുക എന്നതാണ് പ്രധാന ലക്‍ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഈ വാര്‍ത്ത പുറത്തുവന്നാല്‍ പ്രധാനമന്ത്രിയുടേയും പ്രതിരോധമന്ത്രിയുടേയും പ്രതികരണങ്ങള്‍ എന്തായിരിക്കും എന്ന് മുന്‍‌കൂട്ടി മനസ്സിലാക്കുന്നതില്‍ കേന്ദ്രമന്ത്രിക്ക് തെറ്റുപറ്റിയെന്നും സണ്‍‌ഡേ ഗാര്‍ഡിയന്‍ പറയുന്നു.

മുതിര്‍ന്ന മന്ത്രിയുടെ മകനാണ് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയ്ക്കു പിന്നില്‍ കളിച്ചതെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ആരോപിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്ത നിഷേധിച്ചിട്ടുണ്ട്.

ജനുവരി 16,17 തീയതികളില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലേക്ക്‌ സംശയാപ്‌ദമായ സാഹചര്യത്തില്‍ സൈനിക നീക്കം നടന്നു എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്‌ പത്രം പുറത്തുവിട്ട വാര്‍ത്ത. കേന്ദ്രസര്‍ക്കാരും പ്രതിരോധമന്ത്രാലയവും അറിയാതെയാണ് ഡല്‍ഹിയിലേക്ക് സൈനിക നീക്കം നടന്നതെന്നും പത്രം പറയുന്നു.

English Summary: The Indian weekly newspaper Sunday Guardian has reported quoting "sources" that a senior minister of the UPA government was the brain behind Wednesday's front page story in the Indian Express which detailed the January 16 troop movements.