സുപ്രീംകോടതിയുടെ കനിവ് തേടി കസബ്

Webdunia
വെള്ളി, 29 ജൂലൈ 2011 (11:00 IST)
PRO
PRO
മുംബൈ ഭീകരാക്രമണകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബ് സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കി. വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് കസബ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജയില്‍ അധികൃതര്‍ മുഖേനെയാണ് കസബ് ഹര്‍ജി നല്‍കിയത്.

2008- ല്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈയിലെ വിചാരണാ കോടതിയാണ് കസബിന് വധശിക്ഷ വിധിച്ചത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ ഉള്‍പ്പെടെ 80 കുറ്റങ്ങളാണ് കസബിന്റെ മേല്‍ ചുമത്തിയത്. ഇതിനെതിരെ കസബ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് കസബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

സുപ്രീംകോടതിയും ഹര്‍ജി തള്ളുകയാണെങ്കില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുകയാണ് കസബിന് മുന്നിലുള്ള ഏകമാര്‍ഗം. 166 ജീവനുകളാണ് മുംബൈ ഭീകരാക്രമണത്തില്‍ പൊലിഞ്ഞത്.