സുനന്ദയുടെ മരണം: ശിവ് മേനോനെ ചോദ്യം ചെയ്തു

Webdunia
വ്യാഴം, 5 ഫെബ്രുവരി 2015 (16:26 IST)
ലോക്സഭ എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുനന്ദയുടെ മകന്‍ ശിവ് മേനോനെ വീണ്ടും ചോദ്യം ചെയ്തു. സുനന്ദയുടെ മരണം അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിലെ പ്രത്യേകസംഘമാണ്  ശിവ് മേനോനെ ഇന്ന് ചോദ്യം ചെയ്തത്.
 
ദുബായില്‍ താമസിക്കുന്ന ശിവ് നേരത്തെയും ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ എത്തിയിരുന്നു. നേരത്തെയുള്ള ചോദ്യം ചെയ്യലില്‍ തന്റെ അമ്മ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ശിവ് പറഞ്ഞിരുന്നു. ശശി തരൂര്‍ തന്റെ അമ്മയെ ഉപദ്രവിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ശിവ് പറഞ്ഞിരുന്നു.
 
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെയും സഹായികളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ .