സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ആര് എല്‍ ഡി നേതാവ് അമര്‍ സിംഗിനെ ചോദ്യം ചെയ്തു. രഹസ്യസങ്കേതത്തില്‍ വെച്ചാണ് അമര്‍ സിംഗിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്.
അതേസമയം, സുനന്ദയുടെ മകന് ശിവ് മേനോനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. സുനന്ദയും ഐ പി എലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് അമര്‍ സിംഗിനോടും മാധ്യമപ്രവര്‍ത്തകരോടും പൊലീസ് ചോദിച്ചത്.
മരണത്തിന് രണ്ടുദിവസം മുമ്പ് സുനന്ദ തന്നെ വിളിച്ചിരുന്നെന്നും ഐ പി എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നു പറഞ്ഞെന്നും അമര്‍സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സുനന്ദ ധൈര്യവതിയാണെന്നും അവര്‍ ആത്മഹത്യ ചെയ്യില്ലെന്നും അമര്‍ സിംഗ് പറഞ്ഞിരുന്നു. ഈ പ്രസ്താവന പരിഗണിച്ചാണ് അമര്‍ സിംഗിനെ ചോദ്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഐ പി എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുനന്ദ തങ്ങളോട് പറഞ്ഞെന്ന് നേരത്തെ രണ്ട് മാധ്യമപ്രവര്‍ത്തകരും അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.