സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭ എം പിയുമായ ശശി തരൂരിനെ ചോദ്യം ചെയ്യും. ഇത് കാണിച്ച് ശശി തരൂരിന് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഡല്‍ഹി പൊലീസ് തരൂരിന് നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞമാസം ഈ കേസിന്റെ പുനരന്വേഷണം ഡല്‍ഹി പൊലീസ് തീരുമാനിച്ചിരുന്നു. ഇതിനയി പ്രത്യേകസംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തരൂര്‍ അടക്കം ആറുപേര്‍ക്ക് ആണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
സുനന്ദ മരിച്ചതായി കണ്ടെത്തിയപ്പോള്‍ മുറിയില്‍ ഉണ്ടായിരുന്നവര്‍ അടക്കമുള്ളവരെ ആയിരിക്കും ചോദ്യം ചെയ്യുക. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെയും തരൂരിനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ ചില ചോദ്യങ്ങള്‍ക്ക് നല്കിയ ഉത്തരത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഇതിനെല്ലാം വ്യക്തത വരുത്തനായിരിക്കും ഇനിയുള്ള ചോദ്യം ചെയ്യലില്‍ പൊലീസ് ശ്രമിക്കുക.
അതേസമയം, തരൂരിന് ചോദ്യം ചെയ്യുന്നതിനായി പത്തോളം ചോദ്യങ്ങള്‍ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. സുനന്ദയുടെ ദേഹത്ത് കാണപ്പെട്ട ക്ഷതങ്ങളെക്കുറിച്ചും മുറിവുകളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ആയിരിക്കും ഇതില്‍ പ്രധാനമായും ഉണ്ടാകുക. ആദ്യതവണ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്കാന്‍ തരൂരിന് കഴിഞ്ഞിരുന്നില്ല.