സി പി എം പ്ലീനം കൊല്‍ക്കത്തയില്‍; വനിതാ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ട്

Webdunia
ഞായര്‍, 27 ഡിസം‌ബര്‍ 2015 (10:27 IST)
സി പി എം പ്ലീനം കൊല്‍ക്കത്തയില്‍ നടക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നേതാക്കളും പ്ലീനത്തില്‍ പങ്കെടുക്കുന്നു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പാര്‍ട്ടിക്ക് നവജീവന്‍ പകരുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്നതാണ് പ്ലീനത്തിന്‍റെ ലക്‍ഷ്യം. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ദേശീയതലത്തില്‍ മൊത്തം വനിതാ അംഗങ്ങളുടെ എണ്ണം 25 ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന് പ്ലീനം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു പ്രധാന കാര്യമാണ്.
 
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ പത്തുശതമാനം മാത്രമാണ് വനിതാ അംഗങ്ങളുടെ വര്‍ദ്ധനവ്. കേരളത്തില്‍ വനിതാ അംഗങ്ങളുടെ എണ്ണത്തില്‍ ഭേദപ്പെട്ട വര്‍ദ്ധനവുണ്ടായപ്പോള്‍ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ അതുണ്ടായില്ല. വനിതാ തൊഴിലാളികള്‍ കേരളത്തില്‍ വിവിധമേഖലകളില്‍ വന്‍‌തോതിലുണ്ടെങ്കിലും പാര്‍ട്ടി അംഗത്വത്തിലും പ്രവര്‍ത്തകരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നില്ലെന്ന് വിലയിരുത്തലുണ്ട്.
 
അംഗന്‍‌വാടി ജീവനക്കാരില്‍ നിന്നും കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികള്‍ നടപ്പാക്കുന്ന വനിതാപ്രവര്‍ത്തകരില്‍ നിന്ന് പാര്‍ട്ടിയിലേക്കുള്ള വരവ് മതിയായ രീതിയില്‍ ഉണ്ടാകുന്നില്ലെന്നും പ്ലീനം റിപ്പോര്‍ട്ടില്‍ പറയുന്നു.