സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ നിന്ന് പിന്‍മാറാനുള്ള സിബിഐ ശ്രമത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന്‍റെ ഇച്ഛാനുസരണം സിബിഐ പ്രവര്‍ത്തിക്കുന്നത് അംഗികരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേസിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സിബിഐ ഉപദേശം സ്വീകരിക്കാന്‍ ശ്രമിച്ചതിനെ കോടതി ശക്തമായ ഭാഷയില്‍ അപലപിച്ചു. ഈ കീഴ്വഴക്കം എന്നു തുടങ്ങിയെന്ന് കോടതി സിബിഐ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനോട് ചോദിച്ചു. വ്യക്തത വേണമെങ്കില്‍ എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാത്തത് എന്നും ചോദ്യമുണ്ടായി.
സി ബി ഐ പോലും ഇങ്ങനെ ചെയ്താല്‍ പിന്നെ നമ്മളെയൊക്കെ ദൈവം രക്ഷിക്കട്ടെ എന്നും കോടതി പറഞ്ഞു. മുലായത്തിനെതിരായ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്ന തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി അതിരൂക്ഷ വിമര്‍ശനം നടത്തിയത്.
മുലായം സിംഗും മക്കളായ അഖിലേഷ് യാദവ്, പ്രതീക് യാദവ്, മരുമകള്‍ ഡിമ്പിള്‍ എന്നിവരും അവിഹിതമായ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. എന്നാല്‍, ആരോപണമുയര്‍ന്ന ഉടന്‍ സിബിഐ രാഷ്ട്രീയ പ്രേരിതമായി കേസ് ചാര്‍ജ്ജ് ചെയ്യുകയായിരുന്നു എന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിക്കുന്നു.
അതേസമയം,സിബിഐ യെ കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് പിണറായി വിജയന്‍റെ കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി അമര്‍സിംഗ് വിമര്‍ശിച്ചിരുന്നു.