സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

Webdunia
WDFILE
രാജ്യത്തിന്‍റെ 2007-08 ലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി പി.ചിദംബരം വ്യാഴാഴ്‌ച പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കും.

പൊതുബജറ്റ് ഫെബ്രുവരി 29 ന് അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 2008-09 ലെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍‌തൂക്കം നല്‍കുന്നത് എന്തിനൊക്കെയായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കും.

നാണയപ്പെരുപ്പം നിയന്ത്രിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, കയറ്റുമതിയിലുണ്ടായ കുറവ്, ആഗോളവിപണിയില്‍ എണ്ണ വില വര്‍ദ്ധനവ് ബാരലിന് 100 യു.എസ് ഡോളറായി വര്‍ദ്ധിച്ചതു മൂലം രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയ്‌ക്കുണ്ടായ പ്രത്യാഘാതങ്ങള്‍ എന്നിവ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കും. ഇതിനു പുറമെ ഓഹരി വിപണിക്കുണ്ടായ തകര്‍ച്ച, കാര്‍ഷിക രംഗത്തെ മാന്ദ്യം എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ട് വിശദീകരിക്കും.

കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനനിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപമിറക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഈ മേഖലയില്‍ 4 ശതമാനം വളര്‍ച്ചാ നിരക്കാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്.