സര്‍ക്കാര്‍ സോണിയയുടേത്: അദ്വാനി

Webdunia
ശനി, 28 മാര്‍ച്ച് 2009 (08:43 IST)
യുപി‌എ സര്‍ക്കാരിനെ മന്‍‌മോഹന്‍ സിംഗ് സര്‍ക്കാരെന്ന് വിളിക്കാനാവില്ല എന്നും അത് സോണിയ ഗാന്ധിയുടെ സര്‍ക്കാരാണെന്നും ബിജെപി നേതാവ് എല്‍ കെ അദ്വാനി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച അഹമ്മദാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.

മന്‍‌മോഹന്‍ സിംഗ് കഴിവില്ലാത്ത പ്രധാനമന്ത്രിയാണെന്ന് വീണ്ടും ആവര്‍ത്തിച്ച അദ്വാനി യുപി‌എയും കോണ്‍ഗ്രസും സഖ്യകക്ഷികള്‍ ഉപേക്ഷിച്ചതിനാല്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആണെന്നും പറഞ്ഞു.

മന്‍മോഹന്‍ സിംഗ് രാജ്യസഭയിലൂടെ വീണ്ടും പ്രധാനമന്ത്രിയാവുന്നതിനു പകരം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് അദ്വാനി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വ്യാഴാഴ്ച അരുണാചല്‍ പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലും മന്‍‌മോഹന്‍ ഇതേ ആവശ്യമുന്നയിച്ചിരുന്നു.

മന്‍‌മോഹന്‍ സിംഗിന്‍റെ ഭരണകാലത്താണ് രണ്ട് പ്രധാന സാമ്പത്തിക കുംഭകോണങ്ങള്‍ ഉണ്ടായതെന്ന് റാലിയില്‍ സംസാരിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു- 1994 ല്‍ ഹര്‍ഷദ് മേത്ത കുംഭകോണവും ഇപ്പോള്‍ സത്യം സാമമ്പത്തിക ക്രമക്കേടും.