സത്യത്തിനു വേണ്ടി പോരാടിയ കനയ്യയുടെ ജയിൽ മോചനത്തിൽ ആഹ്ലാദിക്കുന്നെന്ന്: ശത്രുഘ്നൻ സിൻഹ

Webdunia
ശനി, 5 മാര്‍ച്ച് 2016 (11:44 IST)
കനയ്യ കുമാറിന്റെ ജയിൽ മോചനത്തിൽ സന്തോഷമറിയിച്ചു കൊണ്ട് ബി ജെ പി നേതാവ് ശത്രുഘ്നൻ സിൻഹ രംഗത്ത്. രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ ജയിൽ മോചിതനായതിൽ സന്തോഷിക്കുന്നു എന്നാണ് സിൻഹ പറഞ്ഞത്.
 
കോടതിയുടെ സത്യസന്ധവും ശ്രേഷ്ഠവുമായ നടപടിയിൽ അഭിമാനിക്കുന്നുവെന്നും  ജയിൽ മോചിതനാകുവാൻ കനയ്യ അർഹനാണെന്നും സിൻഹ ശനിയാഴ്ച രാവിലെ ട്വിറ്ററിൽ  കുറിച്ചു.
 
രാജ്യത്തിനെതിരെ താൻ മുദ്രാവാക്യം വിളിച്ചിട്ടില്ല, ഭരണഘടനയ്ക്ക് എതിരായോ രാജ്യത്തിന് എതിരായോ താൻ ഒന്നും ചെയ്തിട്ടില്ല, എന്ന കനയ്യയുടെ പ്രസ്താവനയെ പിന്തുണച്ചായിരുന്നു സിൻഹയുടെ ട്വീറ്റ്.
 
കനയ്യക്കു വേണ്ടി പ്രാർത്ഥിക്കുമെന്നും ജയിൽ മോചിതനായി എത്രയും പെട്ടന്ന് തിരിച്ചുവരാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു. അന്തർദേശീയ തലത്തിൽ ജെ എൻ യു  ഇൻസ്റ്റിട്യൂട്ട് ചരിത്രം കുറിക്കും, യുവത്വത്തിന്റെയും യോഗ്യരായ അധ്യാപകരുടെയും കയ്യിലാണ് വിജയം, പകരം വെക്കാനാകാത്ത അവരുടെ പ്രവർത്തനങ്ങ‌ൾ കുഴപ്പം പിടിച്ച പ്രശ്നങ്ങ‌ളിൽ നിന്നും ഇന്ത്യയെ സംരക്ഷിക്കുമെന്നും സിൻഹ  ട്വീറ്റിൽ പറയുന്നു.
 
കനയ്യ തെറ്റ് ചെയ്തിട്ടില്ല എന്ന് വിശ്വസിച്ചവരുടെ പ്രാർത്ഥനയും പരിശ്രമങ്ങ‌ളും വെറുതെയായില്ലെന്നും താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.