മുംബൈ സ്‌ഫോടന കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് കീഴടങ്ങാനുള്ള സമയപരിധി നീട്ടി നല്‍കി. നാലാഴ്ചത്തേക്കാണ് ദത്തിന് കീഴടങ്ങാനുള്ള സമയപരിധി സുപ്രീംകോടതി നീട്ടിനല്‍കിയത്. കീഴടങ്ങാന്‍ ആറുമാസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ട് ദത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി നാലാഴ്ചത്തേക്ക് സമയം നീട്ടി നല്‍കിയത്.
ദത്ത് ഒരു മാസത്തിനകം കീഴടങ്ങണമെന്നായിരുന്നു വിധി പ്രസ്താവിച്ചപ്പോള്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സമയം വേണമെന്ന അദ്ദേഹം കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരാറില്‍ ഏര്‍പ്പെട്ട സനിമകള്‍ തനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയാല്‍ ബോളിവുഡിന് കോടികളുടെ നഷ്ടമുണ്ടാകുമെന്നും ദത്ത് ചൂണ്ടികാട്ടി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് ദത്തിന്റെ ഹര്‍ജിയില്‍ വാദം കേട്ടത്.
ശിക്ഷ ഇളവുചെയ്ത് വിട്ടയക്കണം എന്ന നിവേദനം മഹാരാഷ്ട്ര ഗവര്‍ണര്‍ പരിഗണിക്കും വരെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദത്ത് സമര്‍പ്പിച്ച ഹര്‍ജി കോടതി കഴിഞ്ഞ ദിവസം ഫയലില്‍ സ്വീകരിച്ചിരുന്നു.
1993 മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദത്തിന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് സുപ്രീംകോടതി വിധിച്ചത്. 18 മാസത്തോളം ദത്ത് ജയിലില്‍ കിടന്നതിനാല്‍ ഇനി മൂന്നരവര്‍ഷത്തോളം ശിക്ഷ അനുഭവിക്കണം. ദത്തിന് മാപ്പ് നല്‍കി വിട്ടയക്കണം എന്നും വിട്ടയക്കരുത് എന്നും ആവശ്യപ്പെട്ട് അറുപതോളം ഹര്‍ജികളാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്നത്.