സഞ്ജയ് ഗാന്ധിയും ഇടനിലക്കാരനായിരുന്നുവെന്ന് വിക്കിലീക്സ്

Webdunia
ചൊവ്വ, 9 ഏപ്രില്‍ 2013 (12:40 IST)
PRO
PRO
രാജീവ് ഗാന്ധിക്ക് പുറമെ സഞ്ജയ് ഗാന്ധിയും വിദേശ വിമാനക്കമ്പനികളുടെ ഇടനിലക്കാരനായിരുന്നുവെന്ന് വിക്കിലീക്ക്‌സ്. 1976 ല്‍ ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ തങ്ങളുടെ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കാന്‍ സഞ്ജയ് ഗാന്ധിയുടെ സഹായം തേടിയെന്നാണ് വിക്കിലീക്ക്‌സ് രേഖകള്‍ പറയുന്നത്. സഞ്ജയ് ഗാന്ധിക്ക് മുഖ്യ ഓഹരിപങ്കാളിത്തമുണ്ടായി രുന്ന മാരുതി കമ്പനി മുഖേനയായിരുന്നു നീക്കം.

അമേരിക്കയുടെയും നെതര്‍ലാന്‍ഡിന്റെയും കമ്പനികളെ ഒഴിവാക്കി കരാര്‍ സംഘടിപ്പിക്കാന്‍ സഞ്ജയ് ഗാന്ധിയുടെ സഹായം ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന് ലഭിച്ചിരുന്നതായും രേഖകളിലുണ്ട്.

രാഷ്ടീയത്തിലിറങ്ങും മുമ്പ്, പൈലറ്റായിരിക്കെ 1970 -ല്‍ രാജിവ് ഗാന്ധിയെ സ്വീഡിഷ് ആയുധ കമ്പനിയായ 'സാബ്‌സ്‌കാനിയ' അവരുടെ യുദ്ധവിമാനം ഇന്ത്യയ്ക്ക് വില്‍ക്കുന്നതിന് ഇടനിലക്കാരനാക്കിയെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ കഴിഞ്ഞ ദിവസം വിക്കിലീക്ക്‌സ് പുറത്തുവിട്ടിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാറിനെതിരെയുള്ള അട്ടിമറിപ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെയും ഫ്രഞ്ച് സര്‍ക്കാറിന്റെയും സഹായം സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസ് തേടിയിരുന്നുവെന്ന മറ്റൊരു രേഖയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

കിസ്സിഞ്ചര്‍ കേബിള്‍ എന്ന പേരിലുള്ള അമേരിക്കന്‍ നയതന്ത്ര സന്ദേശത്തില്‍ നിന്നാണ് രഹസ്യവിവരങ്ങള്‍ ലഭ്യമായതെന്ന് വിക്കിലീക്‌സ് പറയുന്നു. 1973 മുതല്‍ '76 വരെ യുഎസ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹെന്‍റി കിസ്സിഞ്ചറിന് യുഎസ് നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നയച്ച രഹസ്യ റിപ്പോര്‍ട്ടുകളാണിവ.