സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ഭരണ ഘടനാ വിരുദ്ധമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

Webdunia
വ്യാഴം, 28 നവം‌ബര്‍ 2013 (12:22 IST)
PRO
PRO
സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ഭരണ ഘടനാ വിരുദ്ധമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മുസ്ലീം സമുദായത്തെക്കുറിച്ച് മാത്രം പരിശോധിച്ച് പഠിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട്. ഇതു സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

മുസ്ലീം സമുദായത്തെക്കുറിച്ച് മാത്രമാണ് സമിതി പരിശോധിച്ചത്. മറ്റ് ന്യൂന പക്ഷ വിഭാഗങ്ങളെ കുറിച്ച് സച്ചാര്‍ സമിതി പരിശോധിച്ചിട്ടില്ല.അതിനാല്‍ സച്ചാര്‍ സമിതി ഭരണ ഘടനാ വിരുദ്ധമാണ്. ഒരു മതത്തിന്റെ അവസ്ഥയെ കുറിച്ച് മാത്രം പഠിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഗുജറാത്ത് സര്‍ക്കാര്‍. സമിതിയുടെ പഠനറിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2005 ലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ദില്ലി ഹൈക്കോടതിയിലെ റിട്ട ചീഫ് ജസ്റ്റിസ് രാജേന്ദ്രര്‍ സച്ചാറിനെ നിയോഗിച്ചത്.