ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ് ഇന്ന് തോള് ശസ്ത്രക്രിയയ്ക്ക് വിധേയനാവും. നേരത്തെ, പുറം വേദനയ്ക്ക് ലണ്ടനില്‍ ശസ്ത്രക്രിയ നടത്തിയത് കാരണം വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നതിനാല്‍ ഇത്തവണ മുംബൈയിലാണ് ബോളിവുഡ് സൂപ്പര്‍ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്നത്.
താരത്തിന് ഇന്ത്യന്‍ ഡോക്ടര്‍മാരില്‍ വിശ്വാസമില്ലാത്തത് കാരണമാണ് പുറം വേദനയ്ക്ക് ലണ്ടനില്‍ ശസ്ത്രക്രിയ നടത്തിയത് എന്നായിരുന്നു വിമര്‍ശനം. ലോകത്തിലെ ഏറ്റവും നല്ല ഡോക്ടര്‍മാരില്‍ ചിലര്‍ മുംബൈയിലാണെന്നാണ് ഷാരൂഖിന്റെ വിശ്വാസമെന്നും അതിനാല്‍ ഇത്തവണ വിദേശ ചികിത്സ സ്വീകരിക്കുന്നില്ല എന്നുമാണ് ഷാരൂഖിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.
കടുത്ത തോള് വേദന ഉണ്ടായിരുന്നിട്ടു കൂടി വാലന്റൈന്‍ ദിനാഘോഷത്തോട് അടുപ്പിച്ച് ഷാരൂഖ് പുതിയ ചിത്രമായ “ബില്ലു”വിന്റെ പ്രചാരണ പരിപാടികളില്‍ മുഴുകിയിരിക്കുകയായിരുന്നു. വ്യാഴാഴ്ച മുംബൈയില്‍ ഹെയര്ഡ്രസര്മാര്ക്ക് വേണ്ടി നടത്തിയ “ബില്ലു”വിന്റെ പ്രത്യേക ഷോയില്‍ പങ്കെടുത്ത ശേഷം ഇര്ഫാന് ഖാന്, ലാറ ദത്ത എന്നിവര്‍ക്കൊപ്പം ഷാരൂഖ് ബില്ലുവിന്റെ പ്രീമിയറിനു വേണ്ടി ലണ്ടനിലേക്ക് പറക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് വേണ്ടി ഞായറാഴ്ചയാണ് ഷാരൂഖ് മടങ്ങിയെത്തിയത്. ഷാരൂഖിനെ ഒരുമാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് കരുതുന്നത്.