നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വെട്ടിലാക്കി ശിവസേന നിലപാടുമാറ്റി. രാജ്യത്ത് 500, 1000 രൂപയുടെ പഴയനോട്ടുകൾ അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം ശക്തവും ചരിത്രപരവുമായ തീരുമാനമാണെന്ന് ശിവസേന എംപിമാർ വ്യക്തമാക്കി.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു ശിവസേന എംപിമാർ മലക്കം മറിഞ്ഞത്. വളരെ നല്ല കൂടിക്കാഴ്‌ചയായിരുന്നുവെന്നും എൻഡിഎ സഖ്യത്തിനൊപ്പം ഇനിയും തുടരുമെന്നും അവര്‍ വ്യക്തമാക്കി.
പാർലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ പ്രതിപക്ഷ എംപിമാർ കുത്തിയിരിപ്പു സമരം നടത്തുന്ന സാഹചര്യത്തിലാണ് ശിവസേനയുടെ നിലപാടുമാറ്റം. പ്രതിപക്ഷത്തിനൊപ്പം ചേരുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു.