വീടിന്‍റെ ചുവരിലും തറയിലും വിള്ളല്‍, പേടിച്ച് കിടപ്പ് ഊണുമുറിയിലാക്കി, പരാതിപ്പെട്ടപ്പോള്‍ പാര്‍ക്കിംഗ് ഏരിയ കൈയേറി; ദുരിതക്കയത്തില്‍ വൃദ്ധദമ്പതികള്‍

Webdunia
തിങ്കള്‍, 16 ജനുവരി 2017 (20:52 IST)
മുംബൈയിലെ ബാന്ദ്ര വെസ്റ്റില്‍ രത്നഗിരി ഹൌസിംഗ് സൊസൈറ്റിയിലെ ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന സി ആര്‍ പൈ(77)ക്കും ഭാര്യയ്ക്കും അനുഭവിക്കേണ്ടിവരുന്നത് പറഞ്ഞറിയിക്കാനാവാത്ത ദുരിതം. 40 വര്‍ഷത്തിലേറെയായി ആ ഫ്ലാറ്റില്‍ താമസിക്കുന്ന പൈയും ഭാര്യയും ഫ്ലാറ്റിന്‍റെ തറയിലും ചുമരിലുമുണ്ടായ വിള്ളലുകള്‍ കാരണം ഇപ്പോള്‍ ഭയന്നാണ് ജീവിക്കുന്നത്. 
 
2010ലാണ് ഫ്ലാറ്റില്‍ വിള്ളല്‍ കണ്ടുതുടങ്ങിയത്. തറയിലും ചുവരിലും വലിയ വിള്ളലുകള്‍ കണ്ടെത്തിയതോടെ പൈ അധികൃതര്‍ക്ക് പരാതി നല്‍കി. അവര്‍ സൊസൈറ്റിക്ക് ഇതിന്‍റെ പേരില്‍ നോട്ടീസയച്ചു.
 
തുടര്‍ന്ന് ഹൌസിംഗ് സൊസൈറ്റി നേതൃത്വത്തില്‍ നിന്ന് വലിയ പീഡനമാണ് ഏല്‍ക്കേണ്ടി വരുന്നതെന്നാണ് പൈയുടെ പരാതി. ചുവരുകളും തറയും ഇടിഞ്ഞമരുമോ എന്ന് ഭയന്ന് ഇപ്പോള്‍ പൈയും ഭാര്യയും കിടപ്പ് ഊണുമുറിയിലാക്കിയിരിക്കുകയാണ്.
 
പരാതിപ്പെട്ടതിന് ശേഷം പൈയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന രണ്ട് പാര്‍ക്കിംഗ് ഏരിയകളില്‍ ഒന്ന് സൊസൈറ്റിയുടെ ട്രഷറര്‍ കൈയേറിയതായും പൈ ആരോപിക്കുന്നു. വീട് വാടകയ്ക്ക് കൊടുത്തിട്ട് എവിടേക്കെങ്കിലും മാറിത്താമസിക്കാന്‍ ആലോചിച്ചാല്‍ വീട് ഇടിഞ്ഞുവീഴുമോ എന്ന ഭയം കാരണം ആരും വാടകയ്ക്ക് എടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും പൈ ആരോപിക്കുന്നു.
Next Article