വി കെ സിംഗിന്റെ പ്രസ്താവനക്കെതിരെ കരസേനാ മേധാവികള്‍ രംഗത്ത്

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2013 (17:28 IST)
PRO
PRO
ജമ്മുകശ്മീര്‍ സര്‍ക്കാരിനെ സ്ഥിരപ്പെടുത്താന്‍ മന്ത്രിമാര്‍ക്ക് രഹസ്യഫണ്ട് നല്‍കിയെന്ന വി കെ സിംഗിന്റെ പ്രസ്താവനക്കെതിരെ എട്ട് മുന്‍ കരസേനാ മേധാവികള്‍ രംഗത്ത്. ജനറല്‍മാരായ ഒപി മല്‍ഹോത്ര, എസ്എഫ് റോദ്രിഗ്യൂസ്, എസ് റോയ് ചൗധരി, വിപി മാലിക്, എസ് പത്മനാഭന്‍, എന്‍സി വിജ്, ജെ ജെ സിംഗ്, ദീപക് കപൂര്‍ എന്നിവരാണ് എതിര്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ നേതാക്കള്‍ക്കോ സര്‍ക്കാരിതര സംഘടനകള്‍ക്കോ രഹസ്യഫണ്ട് നല്‍കിയിട്ടില്ലെന്ന് വാര്‍ത്താകുറിപ്പില്‍ മുന്‍ മേധാവികള്‍ വ്യക്തമാക്കി. കൂടാതെ രഹസ്യ ഫണ്ട് വിതരണം ചെയ്യുന്നതിനല്ല "സദ്ഭാവനാ" പരിപാടി സംഘടിപ്പിക്കുന്നത്. "സദ്ഭാവനാ" പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് രഹസ്യഫണ്ട് നല്‍കിയെന്ന വി കെ സിംഗിന്റെ അവകാശവാദം മുന്‍ മേധാവികള്‍ തള്ളിക്കളഞ്ഞു.

1994 ല്‍ അന്തരിച്ച ജനറല്‍ ബി സി ജോഷിയെ മാറ്റി നിര്‍ത്തിയാല്‍ 1990 മുതല്‍ സേനയുടെ തലപ്പത്ത് ഉണ്ടായിരുന്നവരാണ് പിന്‍ഗാമിയായ വി കെ സിംഗിനെതിരെ പ്രസ്താവന ഇറക്കിയത്. ജമ്മുകശ്മീര്‍ സര്‍ക്കാരിനെ സ്ഥിരപ്പെടുത്താന്‍ മന്ത്രിമാര്‍ക്ക് രഹസ്യഫണ്ട് നല്‍കിയെന്ന വി കെ സിംഗിന്റെ പരാമര്‍ശം രാജ്യത്ത് പുതിയ വിവാദത്തിന് വഴിവച്ചിരുന്നു.