വിശ്വാസ്യത നഷ്ടപ്പെട്ടു, ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുത്: സുപ്രീംകോടതി
തിങ്കള്‍, 18 മാര്‍ച്ച് 2013 (12:06 IST)
PTI
PTI
കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ പ്രതിരോധ തന്ത്രങ്ങള്‍ പൊളിയുന്നു. ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയേല്‍ മാന്‍ചീനിയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. അംബാസഡറുടെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് കോടതി പറഞ്ഞു. ഇനി ഒരുത്തരവുണ്ടാകുന്നത് വരെ അംബാസഡര്‍ രാജ്യം വിടരുതെന്നും കോടതി ഉത്തരവിട്ടു. ഏപ്രില്‍ രണ്ട് കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികര്‍ ഇന്ത്യയിലേക്ക് തിരികെ വരില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി ഇറ്റാലിയന്‍ അംബാസഡറോട് തിങ്കളാഴ്ച ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംബാസഡര്‍ ഹാജരായില്ല. അംബാസഡറുടെ വാദങ്ങള്‍ വിശദീകരിക്കാന്‍ ഇറ്റലിക്ക് വേണ്ടി മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ മുകുല്‍ റോഹ്ത്തഗി ആണ് ഹാജരായത്.
ഇറ്റലി സര്‍ക്കാരിന് വേണ്ടിയാണ് താന്‍ ഉറപ്പുനല്‍കിയത് എന്നാണ് അംബാസഡര്‍ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചത്. നയതന്ത്ര പരിരക്ഷയുണ്ടെന്നും പറഞ്ഞു. അംബാസഡര്‍ ആയതുകൊണ്ട് മാത്രമല്ല, ഡാനിയേല്‍ മാന്‍ചീനി എന്ന വ്യക്തി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നാവികരെ പോകാന്‍ അനുവദിച്ചത്. എന്നാല്‍ കോടതിയെ അവഹേളിക്കുകയാണ് അംബാസഡര്‍ ചെയ്തത്. നാവികരെ തിരിച്ചെത്തിക്കാന്‍ മാര്‍ച്ച് 22 വരെ സമയമുണ്ട്. എതുവരെ ഇറ്റലിയുടെ വാദങ്ങള്‍ കേള്‍ക്കില്ലെന്ന് കോടതി പറഞ്ഞു. അംബാസഡറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കോടതി നാവികരെ നാട്ടില്‍ പോകാന്‍ അനുവദിച്ചത്.
നല്‍കിയ ഉറപ്പ് ലംഘിച്ചതിനാല്‍ അംബാസഡര്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. വിയന്ന കരാര്‍ പ്രകാരം അംബാസഡര്‍ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടെന്ന് ഇറ്റലി വാദിച്ചപ്പോഴായിരുന്നു കോടതി ഇപ്രകാരം പറഞ്ഞത്.
കടല്‍ക്കൊലക്കേസില്‍ സുപ്രീംകോടതി കര്‍ശനനിലപാടുകളിലേക്ക് നീങ്ങും എന്ന് തന്നെയാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. ഇന്ത്യയില്‍ കോടതിയലക്ഷ്യ നടപടികളില്‍ കുടുങ്ങുന്ന ആദ്യ സ്ഥാനപതിയാണ് മാന്‍ചീനി. നാവികരുടെ കാര്യത്തില്‍ ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ അംബസഡര്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ് എടുക്കാന്‍ സാധ്യതയുണ്ട്.