ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ ‘ക്ലീന്‍ ഇമേജ്’ തേടിയിറങ്ങുന്ന ആം ആദ്‌മി പാര്‍ട്ടിക്ക് ആദ്യത്തെ തിരിച്ചടി. ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വിജയിച്ച എ എ പി നേതാവിന്റെ വിജയാഘോഷത്തിനിടെ അണികള്‍ പണം വലിച്ചെറിഞ്ഞതോടെയാണ് എ എ പി വീണ്ടും വിവാദത്തിലായിരിക്കുന്നത്.
എ എ പി സ്ഥാനാര്‍ത്ഥി ആയിരുന്ന നന്ദ് കിഷോര്‍ ബെനിവാള്‍ ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ നിന്ന് വിജയിച്ചു. വിജയം ആഘോഷിക്കവെയാണ് അണികള്‍ നോട്ടുകെട്ട് അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞത്.
അതേസമയം, അണികള്‍ പണം എറിഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നും ഇങ്ങനെയുള്ള ആഘോഷങ്ങളെ താന്‍ അനുകൂലിക്കുന്നില്ലെന്നും നന്ദ് കിഷോര്‍ വ്യക്തമാക്കി.
എന്തൊക്കെയായാലും അണികളുടെ അതിരുവിട്ട ആഘോഷം തലവേദനയായിരിക്കുന്നത് അരവിന്ദ് കെജ്‌രിവാളിനും കൂട്ടര്‍ക്കുമാണ്. ഫെബ്രുവരി പകുതിയോടെ നടക്കാന്‍ പോകുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്ക് എ എ പിയെ ആക്രമിക്കാന്‍ ഇതോടെ ഒരു പുതിയ കാരണമായി.
ഡല്‍ഹി കന്റോണ്മെന്റ് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള എട്ടു സീറ്റുകളില്‍ അഞ്ചു സീറ്റുകളില്‍ ബി ജെ പി വിജയിച്ചപ്പോള്‍ എ എ പി രണ്ടു സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചു.