കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് എതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം തയ്യാറാക്കിയത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയാതെ. സംസ്ഥാനഘടകം കൂടിയാലോചന നടത്താത്തതില്‍ യെച്ചൂരി അതൃപ്‌തി അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രശ്നം പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും അടുത്ത യോഗത്തില്‍ ഗൌരവമായി ചര്‍ച്ച ചെയ്യും. പിബിയെ പരാമര്‍ശിച്ച് വി എസ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അക്കാര്യം പിബി ചര്‍ച്ച ചെയ്താണു തീരുമാനമെടുക്കേണ്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വം ചര്‍ച്ച ചെയ്ത് എങ്ങനെ നിലപാട് എടുക്കുമെന്നാണു സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ ചോദിക്കുന്നത്.
അതേസമയം, സംസ്ഥാനഘടകം ചര്‍ച്ച ചെയ്താല്‍ തന്നെ കേന്ദ്രനേതാക്കളുമായി ഇക്കാര്യത്തില്‍ കൂടിയാലോചന നടക്കേണ്ടതാണ്. എന്നാല്‍, ഇത്തവണ അത് ഉണ്ടായില്ല. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആയിരുന്നു വി എസിനെതിരെ പ്രമേയം പാസാക്കിയത്.
വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തുകയാണെന്നും, യു ഡി എഫിനെ രാഷ്‌ട്രീയമായി സഹായിക്കുകയാണെന്നും ആയിരുന്നു വ്യാഴാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയത്തിന്റെ ഉള്ളടക്കം. പ്രമേയം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.