വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

Webdunia
ബുധന്‍, 4 ഫെബ്രുവരി 2009 (10:41 IST)
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിയധികൃതര്‍ വെളിപ്പെടുത്തി. നെഞ്ചിലെ അണുബാധയും ശരീരതാപ നിലയില്‍ വന്ന വ്യത്യാസവും കാരണം ചൊവ്വാഴ്ച വൈകിട്ടാണ് വാജ്‌പേയിയെ ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചത്.

വാജ്പേയിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന് ബോധമുണ്ട് എന്നും എയിംസ് സൂപ്രണ്ട് ഡോ. ഡി കെ ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അണുബാധയ്ക്കും പനിക്കും വേണ്ട പരിചരണാമാണ് 84 കാരനായ വാജ്പേയിക്ക് നല്‍കുന്നത്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രക്താതിസമ്മര്‍ദ്ദവും പ്രമേഹ രോഗവും ഉള്ളതിനാല്‍ വാജ്പേയിക്ക് അതീവ ശ്രദ്ധപൂര്‍വമുള്ള പരിചരണമാണ് നല്‍കുന്നതെന്നും ആശുപത്രിയധികൃതര്‍ പറഞ്ഞു.