വനിതാകമ്മീഷന് മുന്നില്‍ ഹാജരാകില്ലെന്ന് കുമാര്‍ ബിശ്വാസ്

Webdunia
ചൊവ്വ, 5 മെയ് 2015 (13:36 IST)
ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തക നല്കിയ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി വനിതാകമ്മീഷന് മുമ്പില്‍ ഹാജരാകില്ലെന്ന് എ എ പി നേതാവ് കുമാര്‍ ബിശ്വാസ്. ഹാജരാകണം എന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് തന്റെ ഓഫീസ് കൈപ്പറ്റിയിട്ടില്ലെന്നും ബിശ്വാസ് വ്യക്തമാക്കി.
 
പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ അപകീര്‍ത്തി കേസിലായിരുന്നു ഹാജരാകണമെന്നാവശ്യപ്പെട്ട് കുമാര്‍ വിശ്വാസ് വനിതാ കമ്മീഷന് നോട്ടീസ് അയച്ചത്.
 
ലോക്സഭ തെരഞ്ഞെടുപ്പില്‍ കുമാര്‍ ബിശ്വാസ് അമേഠിയില്‍ നിന്ന് മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത്, പ്രചരണവുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ എത്തിയ പാര്‍ട്ടി പ്രവര്‍ത്തകയുമായി കുമാര്‍ ബിശ്വാസ് അനാശാസ്യബന്ധം പുലര്‍ത്തിയെന്നാണ് ആരോപണം. ഇത് ബിശ്വാസിന്റെ ഭാര്യ പിടികൂടിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.
 
കുമാര്‍ ബിശ്വാസുമായി വഴിവിട്ട ബന്ധമുണ്ടെന്ന അപവാദ പ്രചാരണം പാര്‍ട്ടി അണികള്‍ക്കിടയിലും സോഷ്യല്‍ മീഡിയകളിലും പരന്നതോടെ തന്റെ ജീവിതം തകര്‍ന്നുവെന്നാണു യുവതിയുടെ പരാതി.ആരോപണങ്ങള്‍ വന്നതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും തനിക്കും ബിശ്വാസിനുമിടയില്‍ അരുതാത്തത് ഒന്നുമില്ലെന്ന് അദ്ദേഹം തന്നെ പരസ്യമായി പ്രഖ്യാപിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.
 
വിഷയത്തില്‍ എ എ പിക്കെതിരേ ബി ജെ പി അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു.